Kerala
എടക്കര: കടുവയുടെ ആക്രമണത്തിൽ ചരിഞ്ഞ കാട്ടാനയുടെ ജഡം കണ്ടെത്തി. നെല്ലിക്കുത്ത് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മരുത ഓടപ്പൊട്ടി വനത്തിലാണ് ജഡം കണ്ടെത്തിയത്.
പത്ത് വയസുള്ള പിടിയാനയാണ് ചരിഞ്ഞതെന്നും ജഡത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് അധികൃതർ പറഞ്ഞു. തുമ്പിക്കൈയുടെ മുക്കാല്‍ ഭാഗവും കടുവ ഭക്ഷിച്ച നിലയിലാണ്. ആനയുടെ വയറ്റിലും പിന്‍ഭാഗത്തും മാരകമായ മുറിവുകളുണ്ട്.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഞായറാഴ്ച നടത്തും. വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഷെരീഫ് പനോലന്, നെല്ലിക്കുത്ത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മണിലാല്‍ പെരിഞ്ചീരി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ജനാര്ദനന് എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.
Kerala
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. നിലമ്പൂരിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ടാപ്പിംഗ് തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി ചാരൂ ഒറവോൺ (55) ആണ് മരിച്ചത്.
നിലമ്പൂർ അരയാട് റബർ എസ്റ്റേറ്റിൽ ഇന്ന് രാവിലെ 9.10 തോടെയാണ് സംഭവം. ചാരൂ ടാപ്പിംഗിനുശേഷം അരയാട് എസ്റ്റേറ്റിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിൽ റബർ മരത്തിനിടയിൽ നിൽക്കുകയായിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
സംഭവസ്ഥലത്തുവച്ചു തന്നെ ഇയാൾ മരണപ്പെട്ടു. പിന്നീട് കാട്ടാന തോട്ടത്തിലൂടെ വനത്തിലേക്ക് പോകുകയും ചെയ്തു.
Kerala
പാലക്കാട്: കണ്ണിന് പരിക്കേറ്റ കൊമ്പൻ പിടി 5ന് ചികിത്സ നൽകുന്ന ദൗത്യം പൂർത്തിയായി. ആനയ്ക്ക് കാഴ്ച പരിമിതിക്കുള്ള മരുന്ന് നൽകി. ആനയ്ക്ക് ഗുരുതര പരുക്കുകളില്ലാത്തതിനാല്‍ വനത്തിനുള്ളില്‍ വച്ചായിരുന്നു ചികിത്സ. ഫോറസ്റ്റ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ നടന്ന ചികിത്സയ്ക്കു ശേഷം ആനയ്ക്ക് റേഡിയോ കോളർ പിടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കയച്ചു.
ദൗത്യം പൂര്‍ണമായി വിജയകരമെന്നും ആനയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകളില്ലെന്ന് ദൗത്യസംഘം വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പാലക്കാട് മലമ്പുഴയില്‍ വച്ച് പൂര്‍ത്തീകരിച്ചത്. മയക്കുവെടി വെച്ചതിനെ തുടർന്ന് രണ്ടു മണിക്കൂർ നേരമാണ് പിടി 5 ഉറങ്ങിയത്.
രാവിലെ എട്ടോടെയാണ് ദൗത്യത്തിനു തുടക്കമിട്ടത്. ദൗത്യത്തിനായി മുത്തങ്ങയിൽ നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ പാലക്കാട് എത്തിച്ചിരുന്നു.